ഗ്രാമപഞ്ചായത്ത് ചരിത്രം
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലാണ് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വള്ളിവട്ടം, തെക്കുംകര, കരുമാത്ര, വടക്കുംകര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന് 26.61 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് പുത്തന്‍ചിറ, വേളൂര്‍ക്കര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കനോലി കനാലും, തെക്കുഭാഗത്ത് കരൂപ്പടന്ന പുഴയും, വടക്കുഭാഗത്ത് പൂമംഗലം, പടിയൂര്‍, വേളൂക്കര പഞ്ചായത്തുകളുമാണ്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് 1952-53 കാലഘട്ടത്തിലാണ് ഇന്നത്തെ രീതിയിലുള്ള ഭരണപരമായ പ്രദേശങ്ങളായി രൂപാന്തരപ്പെട്ടത്. കൊടുങ്ങല്ലൂര്‍ - ഇരിങ്ങാലക്കുട പട്ടണങ്ങള്‍ക്കിടയിലാണ് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത ഈ പ്രധാനപട്ടണങ്ങളുടെ സ്വാധീനം ഈ പഞ്ചായത്തുപ്രദേശത്തേക്കും ചെറുതായി വ്യാപിച്ചിട്ടുണ്ട്. തൃശ്ശൂരിന്റെ പശ്ചിമഭാഗത്തെ ജലഗതാഗതമാര്‍ഗ്ഗത്തിനുള്ള രണ്ടു പടിവാതിലുകളായിരുന്നു തുറമുഖപ്രാധാന്യമുള്ള അരണാട്ടുകരയും, കരൂപ്പടന്നയും. ഒരുകാലത്തു ഈ പ്രദേശത്ത് കടലായിരുന്നു എന്നതിന്, ഇവിടെ ഖനനം ചെയ്തുകിട്ടുന്ന മണലും കക്കയും കടല്‍ച്ചെളിയും തെളിവുകളാണ്. എപ്പോഴോ ഒരു മഹാപ്രളയത്തെത്തുടര്‍ന്ന് കടപുഴകി വന്നതെന്ന് തോന്നിപ്പിക്കുന്ന വന്‍മരങ്ങളും അതിന്റെ അവശിഷ്ടങ്ങളും ഇന്നും മണ്ണിനടിയില്‍നിന്നും ലഭിച്ചുവരുന്നു. വെള്ളാങ്ങല്ലൂര്‍ സ്വരൂപം കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിന്റെ ശാഖയായിരുന്നു. ടിപ്പുവിന്റെ ആക്രമണകാലത്തു രാജ്യം നഷ്ടപ്പെട്ട രാജാവ് വെള്ളാങ്ങല്ലൂരില്‍ താമസമാക്കിയിരുന്നു എന്ന് കൊച്ചി സ്റ്റേറ്റ് മാനുവലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ വ്യാപകമായുണ്ടായിരുന്ന ജൈനമതസ്വാധീനത്തില്‍ വെള്ളാങ്ങല്ലൂരും വിധേയമായിരുന്നിരിക്കണം. വെള്ള എന്ന ചുരുക്കപ്പേരില്‍ ആരാധിക്കപ്പെട്ടിരുന്ന ജൈനദേവതയില്‍ നിന്നാണ് ഈ ഗ്രാമത്തിന്റേതുള്‍പ്പെടെ ഇവിടെയുള്ള പല സ്ഥലനാമങ്ങളുടെയും ഉല്‍പത്തി എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു
സാമൂഹ്യ-സാംസ്കാരിക ചരിത്രം
ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് പഞ്ചായത്തിന്റെ കേന്ദ്രബിന്ദുവായ കോണോത്തുകുന്ന്. ചിരട്ടകുന്ന്, പാലപ്രകുന്ന് എന്നിങ്ങനെ ഏതാനും കുന്നുകള്‍ ചുറ്റുപാടും ഉള്ളതുകൊണ്ട് അവയോട് ചേര്‍ന്നുകിടക്കുന്ന കോണ്‍ ഒത്ത കുന്ന് എന്ന അര്‍ത്ഥത്തിലാണ് കോണത്തുകുന്ന് എന്ന പേരു വന്നതെന്ന് കേട്ടിട്ടുണ്ട്. 1341-ല്‍ സംഭവിച്ചുവെന്ന് കരുതപ്പെടുന്ന മഹാപ്രളയത്തില്‍ ഒരേ സമുദ്രവിതാനത്തില്‍ കിടക്കുന്ന കൊച്ചിയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കടലില്‍ നിന്നു പൊന്തി വന്നതായിരിക്കണം എന്ന് വ്യാഖ്യാനമുണ്ട്. ഇതിനുമുമ്പ് നാലോ, അഞ്ചോ നൂറ്റാണ്ടുകള്‍ക്കപ്പുറം മറ്റൊരു പ്രളയമുണ്ടായിരുന്നിരിക്കണമെന്നും അക്കാലത്തുണ്ടായിരുന്ന സ്ഥലങ്ങളാണ് പൂണിത്തുറ, തൃപ്പൂണിത്തുറ, വടക്കേക്കാട് എന്നിവയുടെ നേര്‍രേഖയില്‍ വരുന്ന ഇടപ്പള്ളി, തൃക്കാക്കര, പുല്ലൂറ്റ്, ചേരമാന്‍ പറമ്പ്, കൃഷ്ണന്‍കോട്ട, കോണത്തുകുന്ന്, മതിലകം മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങള്‍ എന്നിവ. ഐരൂര്‍ അഥവാ വെള്ളാങ്ങല്ലൂര്‍ സ്വരൂപം കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിന്റെ ശാഖയായിരുന്നു. ടിപ്പുവിന്റെ ആക്രമണകാലത്തു രാജ്യം നഷ്ടപ്പെട്ട രാജാവ് വെള്ളാങ്ങല്ലൂരില്‍ താമസമാക്കിയിരുന്നു എന്ന് കൊച്ചി സ്റ്റേറ്റ് മാനുവലില്‍ കാണുന്നു. കേരളത്തില്‍ വ്യാപകമായുണ്ടായിരുന്ന ജൈനമത സ്വാധീനത്തില്‍ വെള്ളാങ്ങല്ലൂരും ഉള്‍പ്പെട്ടിരുന്നിരിക്കണം. വെള്ള എന്ന ചുരുക്കപ്പേരില്‍ ആരാധിക്കപ്പെട്ടിരുന്ന ജൈനദേവതയില്‍ നിന്നാണ് ഈ ഗ്രാമത്തിന്റേതുള്‍പ്പെടെ ഇവിടെയുള്ള പല സ്ഥലനാമങ്ങളുടെയും ഉല്‍പത്തി എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. വെള്ളാങ്ങല്ലൂരിനടുത്തുള്ള വിളയനാട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന, കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ ചരിത്രം ഐതിഹ്യങ്ങളിലും ചരിത്രരേഖകളിലുമായി ഇടകലര്‍ന്നുകിടക്കുന്നു. എ.ഡി.800-ാമാണ്ടില്‍ സ്ഥാപിക്കപ്പെട്ടു എന്നാണ് ഐതിഹ്യം. എ.ഡി.900-ാമാണ്ട് മുതല്‍ ഇവിടെ ഒരു ദേവാലയം ഉണ്ടായിരുന്നുവെന്ന് ചരിത്രസൂചനകളുണ്ട്. വിളവിന്റെ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്ന വിളയംകോട് കായല്‍പ്രദേശം വിളവിന്റെ നാടാവുകയും കാലക്രമേണ വിളയനാടായി അറിയപ്പെടുകയും ചെയ്തുവത്രെ. വടക്കന്‍പ്രദേശത്തെ ചേരതലസ്ഥാനത്തിന്റെ പടിവാതില്‍ എന്ന നിലയ്ക്ക് അതിപ്രാചീന ഗതാഗതകേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കരൂപ്പടന്ന. കൊല്ലത്തു നിന്നും, കൊച്ചിയില്‍ നിന്നുമുള്ള ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും കരൂപ്പടന്നയിലൂടെയായിരുന്നു. കരൂപ്പടന്ന കുന്നിന്‍മുകളിലുണ്ടായിരുന്ന കൊട്ടാരവും, വിസ്തൃതമായ കുളവും, ട്രാവലേഴ്‍സ് ബംഗ്ളാവും, നടക്കാവ് വൃക്ഷങ്ങളും, വഴിയാത്രക്കാര്‍ക്കുള്ള തണ്ണീര്‍ പന്തലും, അത്താണികളും അപ്രത്യക്ഷമായിരിക്കുന്നു. കൊച്ചിരാജാക്കന്‍മാര്‍ യാത്രാമധ്യേ വിശ്രമിച്ചിരുന്നതു ഇവിടെയടുത്തുള്ള പാരിജാതപുരം ക്ഷേത്രത്തിനടുത്തുള്ള സങ്കേതത്തിലായിരുന്നു. സാമൂതിരിയെ തൃശ്ശൂരില്‍ നിന്നും ഓടിക്കാന്‍ ദളവ അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയും സൈന്യവും തൃശ്ശുരിലേക്ക് പോയത് കരൂപ്പടന്ന വഴിയായിരുന്നു. ചെക്ക് പോസ്റ്റുകളും ആഴ്ചചന്തകളും, അഞ്ചലാപ്പീസും, തപാലാപ്പീസും പോലീസ് ഔട്ട് പോസ്റ്റും അന്ന് കരൂപ്പടന്നയിലുണ്ടായിരുന്നു. ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വഞ്ചി, കരൂര്‍ എന്നൊക്കെ അറിയപ്പെട്ടിരുന്ന പട്ടണം കരൂപ്പടന്നയായിരുന്നു എന്ന് ചില ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തൃശ്ശൂരിന്റെ പശ്ചിമഭാഗത്തെ ജലഗതാഗതമാര്‍ഗ്ഗത്തിനുള്ള രണ്ടു പടിവാതിലുകളായിരുന്നു തുറമുഖപ്രാധാന്യമുള്ള പ്രദേശങ്ങളായ അരണാട്ടുകരയും, കരൂപ്പടന്നയും. കരൂപ്പടന്നയെ പ്രാചീനതലസ്ഥാനമായ കരിപ്പൂരിനെപ്പറ്റിയുള്ള പര്യാലോചനയില്‍ ചില ചരിത്രകാരന്മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരൂപ്പടന്നയുടെ തൊട്ട് കിഴക്കുഭാഗത്തായി കിടക്കുന്ന കടലായി എന്ന സ്ഥലത്തിന്, അതിനോട് തൊട്ടുകിടക്കുന്നതും, പാശ്ചാത്യ ചരിത്രകാരനായിരുന്ന ടോളമി പരാമര്‍ശിക്കുന്നതുമായ കരദേശം(കരുമാത്ര) എന്ന സ്ഥലവുമായി സാമ്യമുള്ളതാണ്. ഒരുകാലത്തു ഈ പ്രദേശത്തു കടലായിരുന്നു എന്നതിന് ഇവിടെ ഖനനം ചെയ്തു കിട്ടുന്ന മണലും കക്കയും കടല്‍ചെളിയും സാക്ഷ്യം വഹിക്കുന്നു. ഏപ്പോഴോ ഒരു മഹാപ്രളയത്തെത്തുടര്‍ന്ന് കടപുഴകി വന്നതെന്ന് തോന്നിക്കുന്ന വന്‍മരങ്ങളും ഇതിന്റെ സൂചനയാണ് (ഐനിക്കര എന്ന സ്ഥലനാമം ഉദാഹരണം). 1952-53 കാലഘട്ടത്തിലാണ് ഇന്നത്തെ രീതിയിലുള്ള ഭരണപരമായ പ്രദേശങ്ങളായി ഇവിടം രൂപാന്തരപ്പെട്ടത്. കൊടുങ്ങല്ലൂര്‍ - ഇരിങ്ങാലക്കുട പട്ടണങ്ങള്‍ക്കിടയിലാണ് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത ഈ പ്രധാനപട്ടണങ്ങളുടെ സ്വാധീനം ഈ പഞ്ചായത്തുപ്രദേശത്തേക്കും ചെറുതായി വ്യാപിച്ചിട്ടുണ്ട്. പരമ്പരാഗത വ്യവസായങ്ങളായ കയര്‍ ഉല്പ്പാദനവും, കള്ളുചെത്തും, മണ്‍പാത്രനിര്‍മ്മാണവും ഇന്ന് മരണാസന്നമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വൈരക്കല്‍, റബ്ബര്‍ മോള്‍ഡിംഗ്, പ്ലാസ്റ്റിക്, എഞ്ചിനിയറിംഗ് സര്‍വ്വീസ് മേഖല എന്നിവയിലേക്കും കൂടുതല്‍ പേര്‍ നീങ്ങിയിട്ടുണ്ട്. എഴുപതുകള്‍ക്കുശേഷം ഗള്‍ഫുപണത്തിന്റെ വരവ് ആരംഭിക്കുകയും, പരമ്പരാഗതകൈത്തൊഴിലുകളില്‍ നിന്ന് മാറുകയും, കൃഷിപ്പണി ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ കണ്ടെത്താനുള്ള സാധ്യതകള്‍ വളരുകയും ചെയ്തതോടെ ഈ പഞ്ചായത്തില്‍ നാഗരികതയുടെ സ്വാധീനം കടന്നുവരാന്‍ തുടങ്ങി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ഒരു കാര്‍ഷികഗ്രാമമാണ്. ദേശീയപ്രസ്ഥാനവും സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനങ്ങളും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് നിര്‍ണായകസ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും സ്വാതന്ത്ര്യസമ്പാദനത്തിനു മുമ്പുതന്നെ പൊതുവിദ്യാഭ്യാസരംഗത്ത് വെള്ളാങ്ങല്ലൂര്‍ ഏറെ മുന്നിലായിരുന്നു എന്നു കാണാം. കരൂപ്പടന്നയിലെ ഇന്നത്തെ ഹൈസ്കൂളായി ഉയര്‍ന്ന വിദ്യാലയമാണ് പഞ്ചായത്തില്‍ സ്ഥാപിതമായ ആദ്യത്തെ വിദ്യാലയമെന്നു കരുതാം. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ വളരെ പണ്ടുമുതല്‍ അത്യാവശ്യം ഗതാഗതസൌകര്യങ്ങള്‍ ലഭ്യമായിരുന്നു. മുക്കാല്‍ നൂറ്റാണ്ടുമുമ്പ് പഞ്ചായത്തിലെ തന്ത്രപ്രധാനമായ ഒരു സ്ഥലമായിരുന്നു കരൂപ്പടന്ന. തെക്കന്‍മേഖലയെ വടക്കുമായി ബന്ധിപ്പിക്കുന്ന സ്ഥലമായിരുന്നു ഇത്. പാലങ്ങളുടെ വരവോടെ റോഡുഗതാഗതത്തിന് പുതിയ മുഖം കൈവന്നു. പഞ്ചായത്തിനകത്ത് ഇപ്പോള്‍ ജലഗതാഗതം പ്രബല്യത്തില്‍ ഇല്ല. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിച്ച വായനശാല വള്ളിവട്ടം ബ്രാലത്ത് സ്ഥിതി ചെയ്യുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സ്മാരകവായനശാലയാണ്. മനയ്ക്കല്‍പടിയില്‍ സ്ഥിതിചെയ്യുന്ന ഗ്രാമീണവായനശാലയും പഞ്ചായത്ത് സാംസ്ക്കാരികനിലയത്തില്‍ സ്ഥാപിതമായിട്ടുള്ള വായനശാലയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.